അറിവ് നിർമിക്കുന്ന കുട്ടി...

               കേരളത്തിലെ ബഹുഭൂരിപക്ഷം സ്കൂളുകളും കുട്ടികളെ സംബന്ധിച്ചിടത്തോളം സദാചാരത്തടവറകളാണ്. പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മില്‍ പരസ്പരം ഒന്നു തൊടാന്‍പോലും അനുവദിക്കാത്ത ജയിലുകള്‍. സ്റ്റേജ്പരിപാടിയില്‍ സമ്മാനം നേടിയ ചങ്ങാതിയെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചതിന് രണ്ടുപേരെയും സ്കൂളില്‍നിന്നും എന്നെന്നേയ്ക്കും പുറത്താക്കിയ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂള്‍മുതല്‍ പിന്നോട്ടുപോയാല്‍ ഇത്തരം സംഭവങ്ങള്‍ അനേകം. മെഡിക്കല്‍കോളേജില്‍ ഡോക്ടര്‍മാരാവാന്‍ പഠിക്കുന്ന പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ ലിംഗഭേദമന്യേ ഇടകലര്‍ന്നിരുന്നു എന്ന പേരില്‍ പിടിഎ വിളിച്ച് അത് നിരോധിച്ച സംഭവം കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ഉണ്ടായത്. തിരുവനന്തപുരത്തെ സ്കൂളില്‍ കുട്ടിയെ 'വിത്തുകാള' എന്നുവരെ വിളിച്ചതായി വാര്‍ത്തകളില്‍  (https://goo.gl/c4KK6Y) കാണുന്നു. അതീവ ഗുരുതരമായ ആരോപണമാണിത്. പ്രായപൂര്‍ത്തിയാവാത്ത ഒരു കുട്ടിയോട് പെരുമാറേണ്ട രീതിയിലേ അല്ല അങ്ങനെയാണെങ്കില്‍ ഇവര്‍ പെരുമാറിയിരിക്കുന്നത്. കുട്ടിയെ മോശം വാക്കുകള്‍ ഉപയോഗിച്ച് അപമാനിക്കുന്ന സ്കൂളിനോ കുട്ടികളെ പുറത്താക്കാനോ അപമാനിക്കാനോ നേതൃത്വം നല്‍കുന്ന  ടീച്ചര്‍മാര്‍ക്കോ ഇനിയവിടെ തുടരാന്‍ ഒരു തരത്തിലുള്ള അവകാശവും ഇല്ല.

              മനുഷ്യരുടെ അവകാശങ്ങളെ ഇല്ലാതാക്കാന്‍ ആരാണ് ഈ സദാചാരഭീകരര്‍ക്ക് അനുമതി നല്‍കുന്നത്? സദാചാരപ്പോലീസിങ് നടത്തുന്ന ഏതു സ്കൂളിന്റെയും അനുമതി തന്നെ റദ്ദാക്കുന്ന ശക്തമായ നിയമങ്ങളാണ് പല പുരോഗമനവിദേശരാജ്യങ്ങളിലും ഉള്ളത്. സദാചാരപ്പോലീസ് കളിക്കുന്ന ടീച്ചര്‍മാര്‍ക്ക് പിന്നീട് ഒരിക്കല്‍പ്പോലും ആ ജോലിയിലേക്ക് തിരിച്ചുവരാനാകാത്ത വിധം ശക്തമായ നിയമങ്ങള്‍. പക്ഷേ ദൌര്‍ഭാഗ്യവശാല്‍ കേരളം നേരെ വിപരീതമാണ് ഇക്കാര്യത്തില്‍. പ്രണയം പോയിട്ട് സൗഹൃദംപോലും അനുവദിക്കപ്പെടാത്ത ക്രൂരമായ നടപടികളാണ് സ്കൂളധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

               കുട്ടികളെ അറിവു നിര്‍മ്മിക്കാന്‍ സഹായിക്കുന്നതിനെക്കാള്‍ ടീച്ചര്‍മാരില്‍ പലര്‍ക്കും താത്പര്യം സദാചാരപ്പോലീസ് ആകാനാണ്. പരസ്പരം തൊട്ടുപോയാലോ എന്നു വിചാരിച്ച് ലിംഗഭേദമന്യേയുള്ള നാടകങ്ങള്‍പോലും വിലക്കിയ സ്കൂളുകളും എന്തിനേറെ കോളേജുകള്‍പോലും കേരളത്തിലുണ്ട്.

         പെണ്‍കുട്ടിയും ആണ്‍കുട്ടിയും ട്രാന്‍സ്ജെന്‍ഡറുമെല്ലാം മനുഷ്യരാണ് എന്ന ബോധ്യം ആദ്യമുണ്ടാകണം. ഓരോ ടീച്ചര്‍മാര്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടാവണം. മനുഷ്യരായാല്‍ അവര്‍ പരസ്പരം ഇടപഴകിത്തന്നെ വളരണം. കാരണം മനുഷ്യര്‍ ഇന്നും സാമൂഹ്യജീവികള്‍ തന്നെയാണ്. സൗഹൃദങ്ങളില്ലാതെ, പ്രണയങ്ങളില്ലാതെ, കൂട്ടായ്മകളില്ലാതെ ഒരു സാമൂഹ്യജീവിതവും മുന്നോട്ടുപോകില്ല. ഇവയിലൊന്നും ലിംഗവിവേചനം ഉണ്ടാവുകയേ അരുത്. മുക്കാല്‍ നൂറ്റാണ്ടു മുന്‍പ് ജപ്പാനിലെ ടോമോ സ്കൂളിലെ കുട്ടികള്‍ വസ്ത്രംപോലുമില്ലാതെ നീന്തല്‍ക്കുളത്തില്‍ ഒരുമിച്ചു കുളിച്ചതായി 'ടോട്ടോച്ചാന്‍' വായിച്ചവര്‍ക്ക് അറിയാം. അവരിലാരും ഇതരലിംഗക്കാരെ അനാവശ്യകൗതുകത്തോടെ നോക്കിയിട്ടില്ല. എല്ലാം മൂടിവയ്ക്കുകയും വേര്‍തിരിവുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഇവിടെ മുക്കാല്‍നൂറ്റാണ്ടിനുശേഷവും അനേകമനേകം ലൈംഗികാതിക്രമങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു.

         കുട്ടികളെ വേര്‍തിരിവുകളാല്‍ അകറ്റുന്നത് സമൂഹത്തിലെ അതിക്രമങ്ങള്‍ കൂടാനേ കാരണമാകൂ. കുട്ടികളെ പരസ്പരം അകറ്റാതിരിക്കുക. മാനസികാര്യോഗ്യമുള്ള കുട്ടികളാണെങ്കില്‍ അവര്‍ പ്രണയിച്ചെന്നും ഇരിക്കും. അതു തെറ്റല്ല. പെണ്ണും ആണും ട്രാന്‍സുമെല്ലാം ചങ്ങാതിമാരായിത്തന്നെ വളരണം. അവരുടെ കൂടെ നില്‍ക്കാന്‍ കഴിയുമ്പോഴേ നിങ്ങളൊരു നല്ല ടീച്ചറാവൂ, രക്ഷിതാവാകൂ.  കുട്ടികളാണ്, അവര്‍ ഒരുമിച്ചു പഠിക്കട്ടെ, ഒരുമിച്ചു കളിക്കട്ടെ, ഒരുമിച്ചിരിക്കട്ടെ, ഒരുമിച്ചു മത്സരിക്കട്ടെ.. പ്രണയിക്കുന്നവര്‍ പ്രണയിക്കട്ടെ. വേര്‍തിരിവുകളില്ലാത്ത ലോകമാണ് നമുക്കുവേണ്ടത്. അവരെ തടഞ്ഞു നിര്‍ത്തുന്നത് എന്നെന്നും ദോഷമേ വരൂത്തൂ.

           ടീച്ചര്‍മാരോടും മാനേജുമെന്റിനോടും രക്ഷിതാക്കളോടും ഒരിക്കല്‍ക്കൂടി പറയട്ടെ, കുട്ടികള്‍ക്കിടയില്‍ സദാചാരഭീകരര്‍ ആവുമ്പോഴല്ല, കുട്ടികളുടെ ചങ്ങാതിമാരാകുമ്പോഴാണ് അവര്‍ നിങ്ങളെ സ്നേഹിക്കുക..
  വിദ്യാഭ്യാസം അത് സൗഹൃദ പരമായിരിക്കണം ..
     ഒരുമിച്ചു വഴിയിലൂടെ നടന്നാലോ.! ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ചാലോ. ഒരു മിഠായി പങ്കിട്ടു എടുത്താലോ  തകരുന്നതല്ല സൗഹൃദ ബന്ധം.. 

Comments

Popular posts from this blog

നാടൻ കലാ രൂപങ്ങൾ അധപതനത്തിന്റെ പാതയിൽ

തമിഴ് ഭാഷ

കാടിന്റെ മക്കൾ